ഇടുക്കി വികസന മാർഗരേഖ എം.എൽ.എമാർക്ക് സമർപ്പിച്ച് കത്തോലിക്കാ കോൺഗ്രസ്; മലയോര ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യം
ഇടുക്കി: കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള എം.എൽ.എമാർക്ക് സ്വീകരണവും ഇടുക്കി ജില്ല വികസന മാർഗരേഖ സമർപ്പണവും നടത്തി.
കരിമ്പൻ ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.
ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്, റോയി കെ. പൗലോസ് എം.എൽ.എ, സേനാപതി വേണു എം.എൽ.എ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
പിന്നാക്ക ജില്ലയായ ഇടുക്കിയുടെ വികസനത്തിന് ആവശ്യമായ വിവിധ മേഖലകളും പദ്ധതികളും ഉൾപ്പെടുത്തിയ ജില്ലാ വികസന മാർഗരേഖ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ നിയമസഭാ സാമാജികർക്ക് കൈമാറി.
ക്രൈസ്തവ സഭാ വിശ്വാസികളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി സമർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനായി എം.എൽ.എമാർ സർക്കാരിൽ സമ്മർദശക്തിയായി പ്രവർത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, മലയോര ജനത നേരിടുന്ന ഭൂപ്രശ്നങ്ങൾ, നിർമ്മാണ നിരോധനം, പട്ടയ പ്രശ്നങ്ങൾ, ഭൂനിയമ ഭേദഗതിയിലെ അപാകതകൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ആരോഗ്യം, പൊതുമരാമത്ത്, ടൂറിസം മേഖലകളിലും കൂടുതൽ ശ്രദ്ധ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, റോഡ്-ടൂറിസം വികസനങ്ങൾക്ക് തടസ്സമാകുന്ന വിവിധ പ്രശ്നങ്ങൾ, വനവകുപ്പിന്റെ സമീപനം എന്നിവ ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ഗ്ലോബൽ സമിതി ഭാരവാഹികളായ ജോർജുകുട്ടി പുന്നക്കുഴി, റിൻസി സിബി, യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർ ജെറിൻ ജെ. പട്ടാങ്കുളം തുടങ്ങിയവർ പ്രസംഗിച്ചു.



