ജൈവ കൃഷിക്ക് കരുത്തായി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി; 'വിളവൊരുക്കം, വിപണിയിലെ കരുതൽ' പദ്ധതിക്ക് തുടക്കം
കാഞ്ഞിരപ്പള്ളി: ജൈവ ഭക്ഷ്യവിളകളുടെ ഉൽപാദനം വർധിപ്പിക്കുക, കർഷകപക്ഷ വിപണി ഇടപെടൽ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ 'വിളവൊരുക്കം, വിപണിയിലെ കരുതൽ' പദ്ധതിക്ക് തുടക്കമായി.
മേൽത്തരം നടീൽ വസ്തുക്കളുടെ വിതരണം, ശാസ്ത്രീയ കൃഷിരീതികളുടെ പ്രചരണം, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിപണി ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ആനക്കല്ല് കാരിക്കൽ പാപ്പച്ചന്റെ കൃഷിയിടത്തിൽ നിന്ന് ജൈവ കാർഷികോൽപ്പന്നങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീർ പദ്ധതി ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ജോസഫ് മാത്യു പടിഞ്ഞാറേമുറിയിൽ അധ്യക്ഷത വഹിച്ചു. ക്ലബ് രക്ഷാധികാരി ജോളി മടുക്കക്കുഴി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗം ബിജോമോൾ ബാബു മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ, മുൻ ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയിൽ, ക്ലബ് സെക്രട്ടറി സന്തോഷ് കെ. ആർ., എൻ. സോമനാഥൻ, സണ്ണി വെട്ടത്ത്, ജോർജ് കൊച്ചുപറമ്പിൽ, റെജി പടിഞ്ഞാറേമുറിയിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു





