ഗ്ലോബൽ ടൈഗർ ഡേ: ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പെരിയാർ ടൈഗർ റിസർവിലെ ആഘോഷങ്ങൾ

ഗ്ലോബൽ ടൈഗർ ഡേ: ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പെരിയാർ ടൈഗർ റിസർവിലെ ആഘോഷങ്ങൾ

കടുവകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അവബോധവും ജനങ്ങളിലേക്കെത്തിക്കുന്നതിനായി പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിൽ ഗ്ലോബൽ ടൈഗർ ഡേ വിപുലമായ പരിപാടികളോടെ ആചരിച്ചു.

പരിപാടിയുടെ ഭാഗമായി വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കുമിളി ബസ് സ്റ്റാൻഡിൽ നിന്ന് ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ട് വരെ വർണാഭമായ സൈക്കിൾ റാലി സംഘടിപ്പിച്ചു. കടുവകളെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും കൗതുകകരമായ വസ്തുതകളും ഉൾക്കൊള്ളുന്ന 'ടൈഗർ വാൾ' (Tiger Wall) പ്രദർശനവും സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

സന്ദർശകർക്കായി ഫോട്ടോ ബൂത്ത് ചലഞ്ച്, കടുവകളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഡോക്യുമെന്ററി പ്രദർശനം, കടുവകളെ നിരീക്ഷിക്കാനും എണ്ണമെടുക്കാനും ഉപയോഗിക്കുന്ന അത്യാധുനിക ലൈവ് ക്യാമറ ട്രാപ്പ് സംവിധാനത്തിന്റെ ഡെമോൺസ്ട്രേഷൻ എന്നിവയും സംഘടിപ്പിച്ചു. ക്യാമറ ട്രാപ്പുകളുടെ പ്രവർത്തനരീതി ടൂറിസ്റ്റുകൾക്ക് വിശദീകരിച്ചുകൊടുക്കുകയും ലൈവായി ചിത്രങ്ങൾ പകർത്തി നൽകുകയും ചെയ്തത് ഏറെ കൗതുകമുണർത്തി.

കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വാട്ടർ കളറിംഗ് മത്സരം സംഘടിപ്പിച്ചു. കൂടാതെ കടുവകളുടെയും വനത്തിന്റെയും മനോഹര ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫി പ്രദർശനവും ഒരുക്കിയിരുന്നു. വിവിധ പ്രായത്തിലുള്ള നിരവധി പേരാണ് പരിപാടികളിൽ ആവേശപൂർവം പങ്കെടുത്തത്.

ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്കായി പ്രത്യേക സ്പോട്ട് ക്വിസ് മത്സരവും നടത്തി. കടുവാ സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഫലപ്രദമായി എത്തിക്കുന്നതിൽ ഗ്ലോബൽ ടൈഗർ ഡേ ആഘോഷങ്ങൾ വലിയ വിജയമായി മാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4