വിലകുറഞ്ഞ മദ്യം കലർത്തി പ്രമുഖ വിദേശ സ്‌കോച്ച് ബ്രാൻഡുകളുടെ പേരിൽ വ്യാജ മദ്യം നിർമിച്ച് വിപണിയിലെത്തിച്ചിരുന്ന കേന്ദ്രം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി
വിലകുറഞ്ഞ മദ്യം കലർത്തി പ്രമുഖ വിദേശ സ്‌കോച്ച് ബ്രാൻഡുകളുടെ പേരിൽ വ്യാജ മദ്യം നിർമിച്ച് വിപണിയിലെത്തിച്ചിരുന്ന കേന്ദ്രം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൾഫിക്കർ അറസ്റ്റിലായി.
ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങിയ ജവാൻ ഉൾപ്പെടെയുള്ള വിലകുറഞ്ഞ മദ്യങ്ങൾ വിവിധ അനുപാതങ്ങളിൽ കലർത്തി ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ വിദേശ പ്രീമിയം ബ്രാൻഡുകളുടെ പേരിൽ വ്യാജ സ്‌കോച്ച് നിർമിച്ച് വിൽപ്പന നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിയിൽ നിന്ന് 14 ലിറ്റർ വ്യാജ മദ്യവും, ബെവ്‌കോയിൽ നിന്ന് വാങ്ങിയ 6.5 ലിറ്റർ ഒറിജിനൽ മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു.
നിർമിച്ച വ്യാജ മദ്യം പ്രാദേശിക ബാറുകൾ വഴി വിപണിയിലെത്തിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് സംസ്ഥാനത്തെ ബാറുകളിൽ വ്യാപക പരിശോധന നടത്താൻ എക്സൈസ് വകുപ്പ് തീരുമാനിച്ചു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ തുടരുന്ന അന്വേഷണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും വ്യാജ മദ്യം വിതരണം ചെയ്ത ശൃംഖല സംബന്ധിച്ചും പരിശോധന പുരോഗമിക്കുകയാണ്.





