മലയോര ഹൈവേയിൽ വെള്ളക്കെട്ട്; അപകടസാധ്യത ഉയരുന്നതായി പരാതി
തൂക്കുപാലം–കമ്പംമെട്ട്–വണ്ണപ്പുറം മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായി പരാതി. ഇതുമൂലം വാഹനാപകടങ്ങൾക്ക് സാധ്യത വർധിക്കുന്നതായും റോഡിന്റെ ദീർഘകാല നിലനിൽപ്പിനെയും ഇത് ബാധിക്കുമെന്ന ആശങ്കയും യാത്രക്കാരും നാട്ടുകാരും പങ്കുവെക്കുന്നു.
റോഡിന്റെ അലൈൻമെന്റും ജലനിർഗമന സംവിധാനവും കാര്യക്ഷമമല്ലാത്തതിനാൽ മഴവെള്ളം ഓടകളിലേക്ക് ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കുന്നതാണ് പ്രധാന കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ വെള്ളക്കെട്ട് റോഡ് പൊട്ടിപ്പൊളിയുന്നതിനും കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കെ.ആർ.എഫ്.ബി.യും ബന്ധപ്പെട്ട റോഡ് നിർമാണ കരാറുകാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ അറ്റകുറ്റപ്പണികളും ജലനിർഗമന സംവിധാനവും മെച്ചപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





