കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം: ക്യാപ്സ് സംസ്ഥാനതല ശിൽപശാല

കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം: ക്യാപ്സ് സംസ്ഥാനതല ശിൽപശാല

കേരളത്തിലെ വയോജന സംരക്ഷണ നിയമം ക്ഷേമാധിഷ്ഠിത സമീപനത്തിൽ നിന്ന് അവകാശാധിഷ്ഠിത നിയമമാക്കി പുനഃസംഘടിപ്പിക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംഘടിപ്പിച്ച സംസ്ഥാനതല കൺസൾട്ടേറ്റീവ് ശിൽപശാല ശുപാർശ ചെയ്തു.

"Draft Kerala Comprehensive Elder Welfare, Protection and Community Care Bill" സംബന്ധിച്ച് നടന്ന ശിൽപശാലയിൽ, വയോജനങ്ങളുടെ മാന്യത, സ്വാതന്ത്ര്യം, സുരക്ഷ, സാമൂഹിക പങ്കാളിത്തം എന്നിവ നിയമപരമായി ഉറപ്പാക്കുന്ന രീതിയിൽ ബിൽ ഭേദഗതി ചെയ്യണമെന്നും, നിയമത്തിന് "കേരള വയോജനാവകാശ സംരക്ഷണ നിയമം" എന്ന പേര് പരിഗണിക്കണമെന്നും അഭിപ്രായപ്പെട്ടു.

കേരളം അതിവേഗം 'സൂപ്പർ ഏജിംഗ് സൊസൈറ്റി'യിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വയോജനങ്ങളെ സമൂഹത്തിന്റെ ബാധ്യതയായി കാണാതെ അറിവിന്റെയും അനുഭവസമ്പത്തിന്റെയും സാമൂഹിക മൂലധനമായി അംഗീകരിക്കണമെന്ന് ശിൽപശാല വിലയിരുത്തി. സമൂഹാടിസ്ഥാനത്തിലുള്ള പരിചരണം, ഗൃഹപരിചരണം, വയോജന സൗഹൃദ ഗതാഗതം, രണ്ടാം തൊഴിൽ അവസരങ്ങൾ, ഡിജിറ്റൽ സാക്ഷരത, സജീവ വാർധക്യത്തിനുള്ള പദ്ധതികൾ എന്നിവ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും ശുപാർശ ചെയ്തു.

യോഗ്യതയുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ (MSW) പങ്കാളിത്തം നിയമത്തിൽ വ്യക്തമായി നിർവചിക്കണമെന്നും, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സമൂഹാടിസ്ഥാനത്തിലുള്ള വയോജന പിന്തുണാ സംവിധാനങ്ങൾ രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വയോജനങ്ങൾക്ക് സൗജന്യ നിയമസഹായം, അയൽക്കൂട്ട പിന്തുണാ ഗ്രൂപ്പുകൾ, ദുരുപയോഗത്തിനെതിരായ ശക്തമായ നിയമപരിരക്ഷ എന്നിവയും ശുപാർശകളിൽ ഉൾപ്പെട്ടു.

ഡോ. ജോ തോമസ്, ഡോ. ഐപ്പ് വർഗീസ്, ഡോ. സോണി ജോസ്, അഡ്വ. ഡോ. മേരി ജോൺ, അസോസിയേറ്റ് പ്രൊഫസർ സേവിയർ കുട്ടി ഫ്രാൻസിസ്, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അബീൻ എ. ഒ., ഡോ. ജോസഫ് ചാരുപ്ലാക്കൽ എന്നിവർ വിഷയാവതരണം നടത്തി. വിവിധ ജില്ലകളിൽ നിന്നുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, അധ്യാപകർ, സന്നദ്ധസംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്യാപ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാൻ പി. കുര്യൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പുതിയ പ്രസിഡന്റ് ഡോ. എം. പി. ആന്റണി സമാപന സന്ദേശം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4