ഇന്ന് മുതൽ കട്ടപ്പനയിൽ ട്രാഫിക് പരിഷ്കരണം; ആദ്യഘട്ടം ഉദ്ഘാടനം രാവിലെ
കട്ടപ്പന: ട്രാവൽ റെഗുലേറ്റർ കമ്മിറ്റി, കട്ടപ്പന നഗരസഭാ കൗൺസിൽ, റോഡ് ട്രാഫിക് കമ്മിറ്റി എന്നിവയുടെ സംയുക്ത തീരുമാനപ്രകാരം കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്കരണത്തിന്റെ ആദ്യഘട്ടം ആഗസ്റ്റ് 1 മുതൽ നടപ്പാക്കുമെന്ന് നഗരസഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു.
ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് നേരത്തേ പ്രഖ്യാപിച്ച തീരുമാനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പള്ളിക്കവലയിലെ നിലവിലെ ബസ് സ്റ്റോപ്പ് ജി.എസ്.ടി. ഓഫീസിന് എതിർവശത്തുള്ള പുതിയ സ്ഥലത്തേക്ക് മാറ്റും. അവിടെ യാത്രക്കാർക്കായി പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
പുതിയ വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനവും ട്രാഫിക് പരിഷ്കരണത്തിന്റെ ആദ്യഘട്ട പ്രഖ്യാപനവും ഇന്ന് രാവിലെ 9.30ന് നടക്കും.
പൊതുജനങ്ങളുടെ സൗകര്യവും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതുമാണ് പരിഷ്കരണത്തിന്റെ ലക്ഷ്യമെന്ന് നഗരസഭാ അധ്യക്ഷൻ വ്യക്തമാക്കി. ആദ്യഘട്ടം നടപ്പാക്കിയ ശേഷം ലഭിക്കുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാംഘട്ട ട്രാഫിക് പരിഷ്കരണം 60 ദിവസത്തിന് ശേഷമാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടോ മറ്റ് അപാകതകളോ ഉണ്ടാകുന്നതായി കണ്ടെത്തിയാൽ, രണ്ടാംഘട്ടം നടപ്പാക്കുമ്പോൾ അവ പരിഹരിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.





