പാലാ നിയോജക മണ്ഡലത്തിൽ അതീവ ജാഗ്രത; ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും
പാലാ: കനത്ത മഴയെ തുടർന്ന് പാലാ നിയോജക മണ്ഡലത്തിൽ അതീവ ജാഗ്രതാ സാഹചര്യം നിലനിൽക്കുന്നതായി എം.എൽ.എ. മണി സി. കാപ്പൻ അറിയിച്ചു. തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരം ലഭിച്ചതായും ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്ക സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലേക്കും പ്രധാന റോഡുകളിലേക്കും വെള്ളം കയറിത്തുടങ്ങിയ സാഹചര്യത്തിൽ ജില്ലാ കളക്ടറുമായും ദുരന്തനിവാരണ വിഭാഗം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതായും എം.എൽ.എ. അറിയിച്ചു.
നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ സജ്ജരാകണം. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുകയും ദുരന്തനിവാരണ സേനയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും എം.എൽ.എ. മണി സി. കാപ്പൻ അറിയിച്ചു.





