തൊമ്മൻകുത്തിൽ വെള്ളപ്പൊക്കം; പാലം മുങ്ങി, വീടിന്റെ മുകളിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

തൊമ്മൻകുത്തിൽ വെള്ളപ്പൊക്കം; പാലം മുങ്ങി, വീടിന്റെ മുകളിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി: കനത്ത മഴയെ തുടർന്ന് തൊമ്മൻകുത്തിൽ വെള്ളപ്പൊക്കം. തൊമ്മൻകുത്തുപാലം പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കാളിയാർ പുഴയിലെ ജലനിരപ്പ് ഇന്നലെ രാത്രി മുതൽ ഗണ്യമായി ഉയർന്നതോടെയാണ് പ്രദേശത്ത് വെള്ളം വ്യാപകമായി കയറിയത്.

തൊമ്മൻകുത്തുപാലത്തിന് സമീപം വെള്ളം കയറിയതിനെ തുടർന്ന് ഒരു വീടിന്റെ മുകളിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തുന്നതിനായി ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

സമീപത്തെ കപ്പേളയിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി തുടരുന്നതിനാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.