സംസ്ഥാനത്ത് മഴക്കെടുതി: മന്ത്രിമാരും ജില്ലാ കളക്ടർമാരും ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്നുള്ള സാഹചര്യം മുഖ്യമന്ത്രി മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും വിലയിരുത്തി. ദുരിതബാധിത ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ നിർദേശം നൽകി.
ജില്ലകളിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ:
തിരുവനന്തപുരം: സി.പി. ജോൺ
പത്തനംതിട്ട: പി.സി. വിഷ്ണുനാഥ്
കോട്ടയം: മോൻസ് ജോസഫ്
ഇടുക്കി: അനൂപ് ജേക്കബ്
സംസ്ഥാനതല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ട് പേരെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്മെന്റ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.





