കാലവർഷക്കെടുതി: നെടുങ്കണ്ടത്ത് വീട് പൂർണമായി തകർന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വയോധികൻ

കാലവർഷക്കെടുതി: നെടുങ്കണ്ടത്ത് വീട് പൂർണമായി തകർന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വയോധികൻ

നെടുങ്കണ്ടം: ശക്തമായ കാലവർഷത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിൽ തൂവൽ ഭാഗത്ത് താമസിക്കുന്ന മുളയപ്പറമ്പിൽ കുര്യന്റെ വീട് പൂർണമായും തകർന്നു. ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

ഒറ്റയ്ക്കാണ് കുര്യൻ വീട്ടിൽ താമസിച്ചിരുന്നത്. അസാധാരണമായ ശബ്ദം കേട്ട് ഉറക്കമുണർന്ന് വീടിന് പുറത്തേക്ക് ഇറങ്ങിയതിനെ തുടർന്നാണ് വലിയ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ വീട് പൂർണമായും തകർന്നുവീഴുകയായിരുന്നു.

സമീപത്ത് അയൽവാസികൾ ഇല്ലാത്തതിനാൽ നേരം വെളുത്ത ശേഷമാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് കുര്യനെ സമീപത്തെ അയൽവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

വീട് പൂർണമായും നഷ്ടമായ കുര്യന് അടിയന്തരമായി പുതിയ വീട് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയാപറമ്പിൽ ആവശ്യപ്പെട്ടു. ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4