തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന മദർ ആൻഡ് ചൈൽഡ് വിഭാഗത്തിന്റെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ആദ്യം പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഉടൻ തന്നെ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ ആളപായമോ രോഗികൾക്ക് അപകടമോ ഉണ്ടായിട്ടില്ല.
എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് വയറിങ് സാമഗ്രികളിലേക്കും തീ പടർന്നതായി അധികൃതർ അറിയിച്ചു.
തീപിടിത്തം നിയന്ത്രണവിധേയമായെന്നും സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.





