ഓപ്പറേഷൻ തണ്ടർ: പാമ്പാടി ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി
കോട്ടയം: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി പാമ്പാടി ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തി ചെടി പിടിച്ചെടുത്തത്.
പാമ്പാടി ബസ് സ്റ്റാൻഡിലെ പബ്ലിക് ലൈബ്രറിയോട് ചേർന്ന ഭാഗത്തുനിന്നാണ് ഏകദേശം 110 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തും പരിസരങ്ങളിലും വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റ് കഞ്ചാവ് ചെടികളോ നിരോധിത സസ്യങ്ങളോ കണ്ടെത്താനായില്ല.
കഞ്ചാവ് ചെടി എങ്ങനെ പൊതുസ്ഥലത്ത് വളർന്നുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ പി. ഗോകുൽ ലാൽ അറിയിച്ചു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.എൻ. പ്രദീപ് കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സജീവ് കെ.എൽ., അഖിൽ പവിത്രൻ, ഷൈജു പി.എ., അതുൽ രാജ് എ.ആർ., ഷിഹാസ് വി.എൻ. എന്നിവരും പങ്കെടുത്തു.





