തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം
ഇടുക്കി: ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് തീരുമാനം.
അടിമാലി, അറക്കുളം, മരിയാപുരം, മാങ്കുളം, കുടയത്തൂർ, കാഞ്ചിയാർ, കൊക്കയാർ, വണ്ടൻമേട്, കൊന്നത്തടി, ഇരട്ടയാർ, കുമളി, ഉടുമ്പൻചോല, ഇടവെട്ടി, അയ്യപ്പൻകോവിൽ, മണക്കാട്, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ, കുമാരമംഗലം, ബൈസൺവാലി, ഉടുമ്പന്നൂർ, സേനാപതി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകൾ, തൊടുപുഴ, കട്ടപ്പന, അടിമാലി, ഇടുക്കി, നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകൾ, കൂടാതെ കട്ടപ്പന നഗരസഭ എന്നിവയുടെ പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം ലഭിച്ചത്.
യോഗത്തിൽ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ നേരിടാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ സജ്ജരായിരിക്കണമെന്ന് നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ആവശ്യമായ വാടകവീടുകൾ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം വർധിപ്പിക്കാൻ നടപടികൾ ശക്തമാക്കണമെന്നും, ജൈവ വൈവിധ്യത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും യോഗം നിർദേശിച്ചു.
അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ആരോഗ്യപരിശോധന കർശനമാക്കാനും, തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരുടെ പട്ടിക തയ്യാറാക്കാനും, താമസസ്ഥലങ്ങളിലെ ശുചിത്വം ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ സെക്രട്ടറിമാർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.





