തൊടുപുഴയിൽ സൗജന്യ തൊഴിൽമേള; നൂറുകണക്കിന് ഒഴിവുകൾ
തൊഴിലന്വേഷകർക്കായി തൊടുപുഴ ജിടെക് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 15-ഓളം പ്രമുഖ സ്ഥാപനങ്ങളിലെ എച്ച്.ആർ. പ്രതിനിധികൾ ഉദ്യോഗാർത്ഥികളുമായി നേരിട്ട് അഭിമുഖം നടത്തി നിയമനം നൽകും.
അക്കൗണ്ടിംഗ്, ഐ.ടി., ഡിസൈനിംഗ്, എഡിറ്റിംഗ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ്, ഇലക്ട്രീഷ്യൻ, മെക്കാനിക്കൽ, സിവിൽ തുടങ്ങിയ മേഖലകളിലായി നൂറുകണക്കിന് തൊഴിൽ അവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മികച്ച സ്ഥാപനങ്ങളിൽ അനുയോജ്യമായ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ തൊഴിൽമേള മികച്ച അവസരമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജിടെക് വിദ്യാർത്ഥികൾക്ക് പുറമെ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും, നിലവിൽ ജോലി ചെയ്യുന്നവർക്കും, പ്രായപരിധിയില്ലാതെ എല്ലാ തൊഴിലന്വേഷകർക്കും തൊഴിൽമേളയിൽ പങ്കെടുക്കാം.
പഠനം പൂർത്തിയാക്കി തൊഴിൽരംഗത്തേക്ക് കടക്കുന്ന യുവാക്കൾക്ക് മികച്ച കരിയർ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിടെക് എല്ലാ വർഷവും തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ ജിടെക് ഇടുക്കി ഏരിയ ഡയറക്ടർ നോബി സുദർശൻ, എറണാകുളം ഏരിയ ഡയറക്ടർ അനീഷ് ജോർജ്, സെന്റർ ഡയറക്ടർ ലിംനാ നോബി, ഏരിയ മാനേജർ അനന്തകൃഷ്ണൻ, ഏരിയ കോർഡിനേറ്റർ സനൽ സജി എന്നിവർ പങ്കെടുത്തു.





