കളഞ്ഞുകിട്ടിയ ഒരു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ജീപ്പ് ഡ്രൈവർ മാതൃകയായി
കാഞ്ഞാർ: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കളഞ്ഞുകിട്ടിയ ഒരു പവന്റെ സ്വർണമാല പൊലീസ് സാന്നിധ്യത്തിൽ യഥാർഥ ഉടമയ്ക്ക് കൈമാറി ജീപ്പ് ഡ്രൈവർ മാതൃകയായി.
ജലന്തർ സ്വദേശിയായ ജീപ്പ് ഡ്രൈവർ വേങ്ങക്കുന്നേൽ സജിമോന് ഇന്നലെ വൈകിട്ട് 4.30ഓടെയാണ് കവറിൽ മടക്കിവെച്ച നിലയിൽ വഴിയിൽ നിന്ന് സ്വർണമാല ലഭിച്ചത്. മാല സ്വന്തമായി കൈവശം വയ്ക്കാതെ അദ്ദേഹം ഉടൻ തന്നെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സ്വർണമാല പൊലീസ് സ്റ്റേഷനിൽ എത്തിച്ച വിവരം പ്രചരിപ്പിച്ചു. വിവരം അറിഞ്ഞ് മണപ്പാടി സ്വദേശിനി വാളംപറമ്പിൽ സന്ധ്യ ബിജു പൊലീസ് സ്റ്റേഷനിലെത്തി മാല തിരിച്ചറിഞ്ഞു.
ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കാഞ്ഞാർ പൊലീസിന്റെ സാന്നിധ്യത്തിൽ സജിമോൻ സ്വർണമാല ഉടമയ്ക്ക് കൈമാറി. സത്യസന്ധതയുടെ മാതൃകയായ സജിമോന്റെ പ്രവർത്തിയെ നാട്ടുകാർ അഭിനന്ദിച്ചു.





