മരക്കൊമ്പ് മാറ്റുന്നതിനിടെ വൈദ്യുതാഘാതം; പോസ്റ്റിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
നീഴൂർ: വൈദ്യുതി ലൈനിൽ വീണ മരക്കൊമ്പ് മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. നീഴൂർ തിരുവമ്പാടി മേപ്രയിൽ തങ്കച്ചൻ (52) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. വൈദ്യുതി ലൈനിൽ വീണ മരക്കൊമ്പ് മാറ്റുന്നതിനായി വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിയിൽ ബന്ധപ്പെട്ടിരുന്നു. ഫ്യൂസ് ഊരിവച്ചശേഷം മരക്കൊമ്പ് മാറ്റാമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചതായാണ് വിവരം.
തുടർന്ന് പ്രദേശത്ത് വൈദ്യുതിയില്ലെന്ന് നാട്ടുകാർ കെ.എസ്.ഇ.ബിയെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥൻ ഊരിവച്ച ഫ്യൂസ് വീണ്ടും ഘടിപ്പിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് ആരോപണം.
വൈദ്യുതാഘാതമേറ്റ തങ്കച്ചൻ അരമണിക്കൂറോളം മരത്തിൽ കുടുങ്ങിക്കിടന്നു. തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി സാഹസികമായി ഇയാളെ താഴെയിറക്കി.
അവശനിലയിലായ തങ്കച്ചനെ ഉടൻ തന്നെ ആംബുലൻസിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.





