കോന്നിയിൽ ആനയുടെ ആക്രമണം; രണ്ടാം പാപ്പാന് ദാരുണാന്ത്യം
കോന്നി: കോന്നി ആനക്കൂട്ടിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് ദാരുണാന്ത്യം. കോന്നി സ്വദേശി മോഹനൻ നായർ ആണ് മരിച്ചത്.
പ്രിയദർശിനി എന്ന 44 വയസ്സുള്ള പിടിയാനയാണ് പാപ്പാനെ ആക്രമിച്ചത്. ആനയുടെ മുറിവേറ്റ് പഴുത്ത തുമ്പിക്കൈയിൽ മരുന്ന് പുരട്ടുന്നതിനിടെ ആന തുമ്പിക്കൈകൊണ്ട് മോഹനൻ നായരെ വാരിയെടുത്ത് നിലത്തടിച്ച ശേഷം തേറ്റയ്ക്ക് കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ മോഹനൻ നായരെ ഉടൻ തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതശരീരം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.





