വിദ്യാർഥി സംഘർഷത്തെത്തുടർന്ന് തടസപ്പെട്ട അല്‍ അസ്ഹർ ലോ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് മൂന്നു ദിവസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം
തൊടുപുഴ: വിദ്യാർഥി സംഘർഷത്തെത്തുടർന്ന് തടസപ്പെട്ട അല്‍ അസ്ഹർ ലോ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് മൂന്നു ദിവസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം.
കഴിഞ്ഞ 21നായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടമായ ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുത്ത ശേഷം ജനറല്‍ സീറ്റിലേക്ക് നടന്ന നോമിനേഷനിടെ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘർഷം ഉടലെടുക്കുകയായിരുന്നു. തുടർന്ന് വരണാധികാരി തെരഞ്ഞെടുപ്പ് റദാക്കി.
പിന്നീട് നടന്ന കൈയാങ്കളിയില്‍ കെഎസ്‌യു പ്രവർത്തകർക്ക് സാരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് കെഎസ്‌യുവിന് മേല്‍ക്കൈ ലഭിച്ച തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഒഴിവാക്കാനുള്ള ശ്രമത്തിനെതിരേ പ്രവർത്തകൻ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. പരാതിക്കാരനു വേണ്ടി അഡ്വ. മാത്യു കുഴല്‍നാടൻ എംഎല്‍എ ഹാജരായി.





