ആറാട്ടുകടവിന് സമീപം കക്കൂസ് മാലിന്യം ; അന്വേഷണം തുടങ്ങി
കോട്ടയം: പാമ്പാടി പൊത്തൻപുറം ചെറുവള്ളികാവ് ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിന് സമീപം കക്കൂസ് മാലിന്യം തള്ളിയതായി പരാതി. രൂക്ഷമായ ദുർഗന്ധം പ്രദേശത്ത് പരന്നതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്ഷേത്രപരിസരവും പൊതുസ്ഥലവും മലിനമാക്കിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പാമ്പാടി പൊലീസ് അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.




