വ്യാജ പ്രചാരണത്തിലൂടെ ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കാനാണ് എല്‍ഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നു മാത്യു കുഴല്‍നാടൻ
ഭൂപതിവ് ചട്ടഭേദഗതിയില്‍ വ്യാജ പ്രചാരണത്തിലൂടെ ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കാനാണ് എല്‍ഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നു മാത്യു കുഴല്‍നാടൻ എംഎല്‍എ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമാണ് നിലവിലെ ചട്ടഭേദഗതി. ജില്ലയില്‍ പട്ടയം ലഭിക്കാനുള്ളവരുടെ സ്ഥിതി നിലവിലെ ചട്ടഭേദഗതി കൂടുതല്‍ ദുരിതപൂർണമാക്കും. സാധാരണക്കാർക്ക് ഗുണകരമാകുന്ന ഭേദഗതിയാണ് ആവശ്യമെന്ന് നിയമസഭയില്‍ പറഞ്ഞപ്പോള്‍ ചട്ടംരൂപീകരിക്കുന്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് അന്ന് വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. കെട്ടിടങ്ങളുടെ ക്രമവത്കരണത്തിലൂടെ സർക്കാരിന്‍റെ ഖജനാവിലേക്ക് പണസമാഹരണമാണ് ലക്ഷ്യമെന്നത് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
മലയോര ജനതയുടെ അഭിമാനത്തിനും അവകാശത്തിനും ഘടകവിരുദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
മറ്റു ജില്ലകളിലുള്ളതുപോലെ സർവസ്വാതന്ത്ര്യത്തോടെ സ്വന്തംപേരിലുള്ള ഭൂമി ഉപയോഗിക്കാനുള്ള അവകാശമാണ് ഇടുക്കിയിലെ ജനങ്ങള്‍ക്കും വേണ്ടത്.
ഇക്കാര്യത്തിലുള്ള വിവേചനം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.





