തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷന്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ട്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിവസത്തില്‍ പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണമുണ്ട്. വോട്ടിങ്ങിന് അര്‍ഹതയുള്ള സമ്മതിദായകര്‍, പോളിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ത്ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ളവര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, കമ്മിഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത അന്ധതയോ അവശതയോയുള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂര്‍ത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തില്‍ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസര്‍ പ്രവേശിപ്പിക്കുന്നവര്‍ എന്നിവരെ മാത്രമേ പോളിങ് സ്റ്റേഷനില്‍ പ്രവേശിപ്പിക്കുകയുള്ളു.
പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കാണ് ഇതിനുള്ള പൂര്‍ണ്ണ അധികാരവും ഉത്തരവാദിത്തവുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സമ്മതിദായകനല്ലാത്തതോ വോട്ടെടുപ്പ് നടത്തുന്നതില്‍ പ്രിസൈഡിങ് ഓഫീസറെ സഹായിക്കാന്‍ ചുമതലപ്പെട്ടവരോ അല്ലാത്ത ആരെയും പോളിങ് സ്റ്റേഷനില്‍ കടക്കുവാന്‍ അനുവദിക്കുന്നതല്ല.






