കുളമാവ്‌ വടക്കേപ്പുഴയില്‍ വിനോദസഞ്ചാര പദ്ധതികള്‍ ആരംഭിക്കുന്നതിന്‌ വൈദ്യുതി ബോര്‍ഡിന്റെ അനുമതി

കുളമാവ്‌ വടക്കേപ്പുഴയില്‍ വിനോദസഞ്ചാര പദ്ധതികള്‍ ആരംഭിക്കുന്നതിന്‌ വൈദ്യുതി ബോര്‍ഡിന്റെ അനുമതി

ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കുളമാവ്‌ വടക്കേപ്പുഴയില്‍ വിനോദസഞ്ചാര പദ്ധതികള്‍ ആരംഭിക്കുന്നതിന്‌ വൈദ്യുതി ബോര്‍ഡിന്റെ അനുമതി.

Slide 1
Slide 2
Slide 3
Slide 4

വടക്കേപ്പുഴ ജലാശയത്തില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കേരള ഹൈഡല്‍ ടൂറിസം സെന്ററിനാണ്‌ ബോര്‍ഡ്‌ എന്‍.ഒ.സി അനുവദിച്ചത്‌.

കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.എസ്‌.ഇ.ബി ഫുള്‍ ടൈം ഡയറക്‌ടര്‍മാരുടെ യോഗത്തിലാണ്‌ ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം എടുത്തത്‌. വൈദ്യുതി, ജലവിഭവ വകുപ്പ്‌ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്നാണ്‌ നടപടി.

ടൂറിസം പദ്ധതിക്കായി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കെ.എസ്‌.ഇ.ബി ചില പ്രധാന നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌.

നിലവില്‍ വടക്കേപ്പുഴ പമ്പിംഗ് സ്‌റ്റേഷനില്‍നിന്ന്‌ കുളമാവ്‌ ഡാമിലേക്ക്‌ നടക്കുന്ന വെള്ളം പമ്പിംഗ് യാതൊരു കാരണവശാലും തടസപ്പെടാന്‍ പാടില്ല. ഇതിനുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്‌.

പമ്പ് ഹൗസിലേക്കുള്ള പ്രധാന ചാനലില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച്‌ ബാരിക്കേഡുകള്‍ സ്‌ഥാപിക്കണം. 240 എച്ച്‌.പി യുടെ മൂന്ന്‌ മോട്ടോറുകള്‍ ഉപയോഗിച്ചാണ്‌ വെള്ളം പമ്പ് ചെയ്യുന്നത്‌.

ബോട്ടിങ്‌ ഏരിയ വ്യക്‌തമായി വേര്‍തിരിക്കണം. ടൂറിസം പദ്ധതി നടപ്പാക്കുന്ന പ്രദേശം വനംവകുപ്പിന്റെ പാട്ടഭൂമി ആയതിനാല്‍, വനംവകുപ്പില്‍ നിന്നുള്ള പ്രത്യേക അനുമതി കെ.എച്ച്‌.ടി.സി വാങ്ങേണ്ടതുണ്ട്‌.

ബോട്ടിങ്ങിനും മറ്റ്‌ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം.

നിലവില്‍ വടക്കേപ്പുഴ വിയറിന്റെയും ചാനലിന്റെയും അറ്റകുറ്റപ്പണികള്‍ കെ.എസ്‌.ഇ.ബി ഡാം സേഫ്‌റ്റി വിഭാഗമാണ്‌ നിര്‍വഹിക്കുന്നത്‌. പ്രതിവര്‍ഷം ശരാശരി 16 എം.സി.എം ജലം വൈദ്യുതി ഉല്‍പ്പാദനത്തിനായി ഇവിടെ നിന്നും കുളമാവ്‌ ഡാമിലേക്ക്‌ പമ്പ് ചെയ്യുന്നുണ്ട്‌.

വടക്കേപ്പുഴ ചെക്ക്‌ ഡാമില്‍ പെഡല്‍ ബോട്ടിങ്‌, ചെക്ക്‌ ഡാമിനു ചുറ്റും ഉദ്യാനം, ജലാശയത്തിന്‌ നടക്കുന്നതിനുള്ള സൗകര്യം ഇങ്ങനെ വിപുലമായ സംവിധാനങ്ങളാണ്‌ ഇവിടെ വിഭാവനം ചെയ്യുന്നത്‌.

അപകടരഹിതമായ ബോട്ടിങിന്‌ ഏറെ സാധ്യതയുള്ളതാണ്‌ വടക്കേപ്പുഴ ചെക്ക്‌ ഡാം. കാര്യമായ ആഴമില്ലാത്ത തിനാല്‍ അപകടസാധ്യത കുറവുമാണ്‌. വടക്കേപ്പുഴ ടൂറിസം പദ്ധതിക്കായി 2013 -14 ബജറ്റില്‍ ഒരു കോടി നീക്കിവച്ചിരുന്നു.