2026 ലെ പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കോൺഗ്രസ്
2026 ലെ പ്രവർത്തന കലണ്ടർ കോൺഗ്രസ് പ്രഖ്യാപിച്ചു. ജനകീയ വിഷയങ്ങൾ മുൻനിർത്തി സംസ്ഥാനവ്യാപകമായ സമരപരിപാടികൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതാണ് കലണ്ടറിലെ പ്രധാന ഉള്ളടക്കം.
ഫെബ്രുവരി മാസത്തിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സംസ്ഥാന ജാഥ നടക്കും. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങൾക്കെതിരേ ജനുവരി 13, 14 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിലും ഏജീസ് ഓഫിസിന് മുന്നിലും രാപകൽ സമരം സംഘടിപ്പിക്കും. ഈ സമരത്തിൽ ജനുവരി 19 ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന മെഗാ പഞ്ചായത്ത്കോൺഗ്രസ് രാപകൽ സമരവും നടക്കും.
ജനുവരി 23 ന് ശബരിമല വിഷയത്തിൽ നിയമസഭാ മാർച്ചും 13 ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കും. സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 10 ന് മുൻപ് ബൂത്ത് തല നിശാ ക്യാമ്പുകൾ നടത്തും. ജനുവരി 15, 16 തീയതികളിൽ ബൂത്ത് പ്രസിഡന്റുമാർ, ബിഎൽഒമാർ, പഞ്ചായത്തിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികൾ എന്നിവരുടെ യോഗങ്ങളും നടക്കും.
ജനുവരി 17 മുതൽ എസ്.ഐ.ആർ. (SIR) സംബന്ധിച്ച ഭവന സന്ദർശനങ്ങൾ ആരംഭിക്കും. ജനുവരി 24, 25 തീയതികളിൽ മണ്ഡലം തല നിശാ ക്യാമ്പുകൾ നടത്തും. ഫെബ്രുവരി 1 മുതൽ 9 വരെ ബൂത്ത് സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.






