കുടുംബശ്രീ സൃഷ്ടിക്കുന്നത് വലിയ മാറ്റങ്ങൾ: എം.എം. മണി എംഎൽഎ
കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീശക്തീകരണത്തിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി എം.എം. മണി എംഎൽഎ പറഞ്ഞു.
ബൈസൺവാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ 27-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ അടുക്കളയിലും പൊതുരംഗത്തും ഒരുപോലെ പ്രവർത്തിക്കുന്നവരാണെന്നും അവർ അബലകൾ അല്ല, ശക്തരാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ പ്രവർത്തനം മികച്ച രീതിയിൽ നടപ്പാക്കുന്ന പഞ്ചായത്താണ് ബൈസൺവാലിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. രാജ എംഎൽഎ പറഞ്ഞു. സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവരുന്നതിൽ കുടുംബശ്രീക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈസൺവാലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശാലുമോൾ സാബു അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി എൽ.ബി. പോൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയും കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മുൻ ചെയർപേഴ്സൺമാരെയും മുൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. പിന്നാക്ക വികസന കോർപ്പറേഷന്റെ ചെക്ക് വിതരണവും നടന്നു.
ജില്ലാ പഞ്ചായത്ത് അംഗം ജി. ശങ്കർകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജമ്മ രാധാകൃഷ്ണൻ, രതീഷ് ടി.എം, പഞ്ചായത്ത് അംഗങ്ങളായ പി.എ. സുരേന്ദ്രൻ, ബാലസുബ്രഹ്മണ്യൻ കെ, ബിന്ദു മനോഹരൻ, ഓമന ഉണ്ണികൃഷ്ണൻ, കെ.പി. ജയകുമാർ, ബിന്ദു സനൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ സുനോയി ഷാജി, വനിതാ വികസന കോർപ്പറേഷൻ ബോർഡ് അംഗം ഷൈലജ സുരേന്ദ്രൻ, പൊട്ടൻകാട് എസ്.സി.ബി പ്രസിഡന്റ് വി.പി. ചാക്കോ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.





