മെഡിക്കൽ കോളജിൽ പുതിയ എമർജൻസി ഓപ്പറേഷൻ തിയറ്റർ ഉടൻ പ്രവർത്തനം തുടങ്ങും: മന്ത്രി റോഷി അഗസ്റ്റിൻ

മെഡിക്കൽ കോളജിൽ പുതിയ എമർജൻസി ഓപ്പറേഷൻ തിയറ്റർ ഉടൻ പ്രവർത്തനം തുടങ്ങും: മന്ത്രി റോഷി അഗസ്റ്റിൻ

കട്ടപ്പന: മെഡിക്കൽ കോളജ് ആശുപത്രിയിൽ കാഷ്വാലിറ്റിയോട് ചേർന്നുള്ള പുതിയ എമർജൻസി ഓപ്പറേഷൻ തിയറ്റർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി മാനേജ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

ഓപ്പറേഷൻ തിയറ്ററിന്റെ പ്രവർത്തനത്തിനാവശ്യമായ അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ്, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ മൂന്ന് അസിസ്റ്റന്റ് പ്രൊഫസർമാരുടെയും രണ്ട് സീനിയർ റെസിഡന്റുമാരുടെയും ഒഴിവുകളാണുള്ളത്. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ നിയമന നടപടികൾ വേഗത്തിലാക്കുന്നതിനായി സർക്കാർ ഇടപെടൽ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഓപ്പറേഷൻ തിയറ്ററും അധിക തസ്തികകളും വരുന്നതോടെ മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്കും രോഗികൾക്കും വലിയ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഓപ്പറേഷൻ തിയറ്റർ പ്രവർത്തനക്ഷമമാകുന്നതോടെ സർജറി, ഓർത്തോ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ ആരംഭിക്കാനാകും. ഇത് വിദ്യാർത്ഥികളുടെ പഠനത്തിനും പരിശീലനത്തിനും കൂടുതൽ സൗകര്യം ഒരുക്കും.

മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും, മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയങ്ങൾ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ആശുപത്രി മാനേജ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.വി. വർഗീസ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് എന്നിവർ പ്രസംഗിച്ചു.