ഇടുക്കി ജില്ലാ വികസന സമിതി യോഗം നടന്നു
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുള്ള ജില്ലാ വികസന സമിതി യോഗം കലക്ട്രേറ്റ് ഹാളിൽ വച്ച് നടന്നു.ഇടുക്കി ജില്ലാ കലക്ടർ ഡോ.ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു
വിവിധ വകുപ്പുകൾ അഞ്ച് വർഷത്തേക്കായി ആസൂത്രണം ചെയ്ത പദ്ധതികളുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി ആറിന് വികസന സെമിനാർ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജലക്ഷാമം തടയുന്നതിനായി ജില്ലയിലെ കനാലുകളുടെ വിവരങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ഇറിഗേഷൻ വകുപ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നും, സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സൗകര്യപ്രദമായ ശൗചാലയങ്ങൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്നും കളക്ടർ നിർദേശിച്ചു.
കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുടങ്ങി കിടക്കുന്ന കിടത്തി ചികിത്സ ഫെബ്രുവരി 15 മുതൽ പുനരാരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിടത്തി ചികിത്സ ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാൽക്കുളമേട് വ്യൂ പോയിന്റ് സന്ദർശകർക്കായി തുറന്ന് നൽകുന്നതിനുള്ള നടപടി ഫെബ്രുവരി 10ന് മുൻപായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇതിന് കോട്ടയം ഡി.എഫ്.ഒയെ ചുമതലപ്പെടുത്തിയതായും വനംവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വ്യൂ പോയിന്റ് തുറക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
രാജാക്കാട് സെക്ഷൻ പരിധിയിലെ സ്‌കൂൾ കെട്ടിടങ്ങളുടെ മുകളിലൂടെ കടന്നുപോകുന്ന അപകടകരമായ ഇലക്‌ട്രിക് ലൈൻ മാറ്റിയതായി കെ.എസ്.ഇ.ബി അറിയിച്ചു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 61 അംഗനവാടികൾക്ക് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.
അടുത്ത അധ്യയന വർഷത്തിന് മുൻപ് ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്‌നസ് അപേക്ഷ മാർച്ച് 31ന് മുൻപായി സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
സമ്പൂർണ്ണത അഭിയാൻ 2.0 അസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ ഷീല സ്റ്റീഫൻ നിർവഹിച്ചു. ഐടി മിഷൻ ‘നമ്മുടെ കേരളം’ സേവന വിതരണ പ്ലാറ്റ്‌ഫോമിന്റെ സോഫ്റ്റ്‌വെയർ അവതരണവും കുട്ടികൾക്കായുള്ള പ്രത്യേക ലഹരി വിമുക്ത ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയും യോഗത്തിൽ നടന്നു.





