തൊടുപുഴ സബ് ഡിവിഷണൽ സംയുക്ത പാസ്സിങ് ഔട്ട് പരേഡ് കരിമണ്ണൂരിൽ നടന്നു
തൊടുപുഴ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ ഭാഗമായി തൊടുപുഴ സബ് ഡിവിഷന്റെ കീഴിലുള്ള അഞ്ച് സ്കൂളുകളിലെ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസ്സിങ് ഔട്ട് പരേഡ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ മൈതാനത്ത് നടന്നു.
സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ കരിമണ്ണൂർ, സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ മുതലക്കോടം, സെക്രെഡ് ഹാർട്ട് ഗേൾസ് ഹൈ സ്കൂൾ മുതലക്കോടം, എസ്.എൻ.എം.വി.എച്ച്.എസ്.എസ് വണ്ണപ്പുറം, എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം എന്നീ സ്കൂളുകളിലെ പരിശീലനം പൂർത്തിയാക്കിയ 264 കേഡറ്റുകൾ കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ SPC കേഡറ്റുകളുടെ ബാൻഡ് അകമ്പടിയോടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.
ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ്. മുഖ്യാതിഥിയായി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകി. അഡീഷണൽ പൊലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ, തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബൈജു പി.എം., ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട്, കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സോജൻ എന്നിവർ അഭിവാദ്യം ഏറ്റുവാങ്ങി.
2010 മുതൽ SPCയുടെ അഡീഷണൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചും 34 വർഷത്തെ സേവനത്തിനുശേഷം ഈ വർഷം വിരമിച്ചും സബ് ഇൻസ്പെക്ടർ എസ്.ആർ. സുരേഷ് ബാബുവിനെ ചടങ്ങിൽ ആദരിച്ചു.
തൊടുപുഴ സബ് ഡിവിഷണൽ നോഡൽ ഓഫീസർ സിയാദ് എ.എസ്., ബന്ധപ്പെട്ട സ്റ്റേഷൻ എസ്.എച്ച്.ഒമാർ, സ്കൂൾ മാനേജർമാർ, പ്രധാന അധ്യാപകർ എന്നിവർ പങ്കെടുത്തു. ഡ്രിൽ ഇൻസ്ട്രക്ടർമാരും SPC ചുമതലയുള്ള അധ്യാപകരും പരേഡിന് നേതൃത്വം നൽകി.





