നിയമസഭാ തിരഞ്ഞെടുപ്പ്: ഇവിഎം ഡെമോൺസ്ട്രേഷൻ സെന്ററുകൾ ആരംഭിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ (ഇവിഎം) അടുത്തറിയുന്നതിനും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനുമായി ഇവിഎം ഡെമോൺസ്ട്രേഷൻ സെന്ററുകൾ ജില്ലയിൽ ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് സെന്ററുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഇടുക്കി കളക്ടറേറ്റ്, പീരുമേട്, ദേവികുളം എന്നീ മണ്ഡലങ്ങളിലെ വരണാധികാരികളുടെ കാര്യാലയങ്ങളിലായി മൂന്ന് ഡെമോൺസ്ട്രേഷൻ സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തവരും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് അറിയാൻ താത്പര്യമുള്ളവരും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഡെമോൺസ്ട്രേഷൻ സെന്ററുകൾക്ക് പുറമെ, വരും ദിവസങ്ങളിൽ ഇവിഎം ഡെമോൺസ്ട്രേഷൻ വാൻ ജില്ലയിൽ പര്യടനം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.
പരിപാടിയിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ് എന്നിവർ പ്രസംഗിച്ചു.





