ഇടമലക്കുടിയിൽ ‘പെരുമൈ’ സിവിൽ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു

ഇടമലക്കുടിയിൽ ‘പെരുമൈ’ സിവിൽ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു

കേരളത്തിലെ ആദ്യ ഗിരിവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി ഗ്രാമപഞ്ചായത്തിൽ ‘പെരുമൈ’ എന്ന പേരിൽ സിവിൽ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ഭൂമിശാസ്ത്രപരമായും സാമൂഹികമായും പ്രത്യേകതകളുള്ള പ്രദേശമായ ഇവിടെ, ആദിവാസി മുതുവ വിഭാഗം ജനങ്ങളാണ് കൂടുതലായും അധിവസിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ദുഷ്കരമായ ഭൂപ്രകൃതിയും പരിമിതമായ ഗതാഗത സൗകര്യങ്ങളും വികസന പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ്. ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിനിടെ ജനന–മരണ–വിവാഹ രജിസ്ട്രേഷൻ രേഖകളുടെ അഭാവം വലിയ തടസ്സമായി മാറുന്ന സാഹചര്യവും നിലനില്ക്കുന്നു. നിയമപരമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ പലർക്കും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം–തദ്ദേശ സ്വയംഭരണ വകുപ്പ് ഇടുക്കി, ഇടമലക്കുടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ഫെബ്രുവരി 3 ചൊവ്വാഴ്ച ഇടമലക്കുടി ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിൽ സിവിൽ രജിസ്ട്രേഷൻ ഡ്രൈവ് നടന്നു. ജനന, മരണം, വിവാഹ രജിസ്ട്രേഷനുകളാണ് ഡ്രൈവിൽ ഉൾപ്പെടുത്തിയിരുന്നത്.

പരിപാടികൾ രാവിലെ 11ന് ആരംഭിച്ചു. പഞ്ചായത്ത് സെക്രട്ടറി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡ്രൈവിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദേവികുളം ആർ.ഡി.ഒ മുഖ്യപ്രഭാഷണം നടത്തി. വിവിധ പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും ആശംസകൾ അറിയിച്ചു.

തുടർന്ന് സിവിൽ രജിസ്ട്രേഷൻ ചട്ടങ്ങളും അതിന്റെ പ്രാധാന്യവും സംബന്ധിച്ച് വിശദീകരണം നടത്തി. അപേക്ഷാ ഫോമുകൾ വിതരണം ചെയ്ത് പൂരിപ്പിക്കുന്ന വിധവും ഉദ്യോഗസ്ഥർ വിശദമായി ബോധ്യപ്പെടുത്തി. രജിസ്ട്രേഷൻ ഡ്രൈവിന്റെ പ്രാഥമിക ഘട്ടത്തിൽ 120ലധികം പേർ പങ്കെടുത്തു.