എസ്.ഐ.ആർ: സംസ്ഥാനത്ത് മികച്ച പുരോഗതി – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടമലക്കുടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപടികളിൽ സംസ്ഥാനത്ത് മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടമലക്കുടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 14-നകം എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, നിശ്ചിത സമയത്തേക്കാൾ രണ്ട് ദിവസം മുൻപേ നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും തിരുത്തലുകൾക്കുമായി വോട്ടർമാർക്ക് ബി.എൽ.ഒമാരെയോ ഇ.ആർ.ഒമാരെയോ സമീപിക്കാം. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ മുൻദിവസം വരെ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളിൽ എസ്.ഐ.ആർ ഹിയറിംഗ് പൂർണ്ണമായി പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ദേവികുളം നിയോജകമണ്ഡലത്തിലും അതിൽ ഉൾപ്പെടുന്ന ഇടമലക്കുടിയിലും ഹിയറിംഗ് ക്രമബദ്ധമായി പൂർത്തീകരിക്കാനായതായി അദ്ദേഹം പറഞ്ഞു. ഹിയറിംഗിനിടെ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ലെന്ന് ഇടമലക്കുടിയിലെ വോട്ടർമാർ അറിയിച്ചു. വോട്ടർമാരും ബി.എൽ.ഒമാരും രാഷ്ട്രീയ പാർട്ടികളും ഇലക്ഷൻ വിഭാഗത്തിന് മികച്ച സഹകരണമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇഡലിപ്പാറക്കുടി, സൊസൈറ്റിക്കുടി, മീൻകുത്തിക്കുടി, അമ്പലപ്പടിക്കുടി ഉന്നതികളിലെ നിവാസികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സംവദിച്ചു. അമ്പലപ്പടിക്കുടി ഉന്നതിയിലെ ഏറ്റവും പ്രായം കൂടിയ 90 വയസ്സുള്ള വോട്ടർ ദൊരസ്വാമിയുടെ വീടും അദ്ദേഹം സന്ദർശിച്ചു. വോട്ടവകാശം വിനിയോഗിക്കുന്നതിൽ മുടക്കം വരുത്തരുതെന്നും മറ്റുള്ളവരെയും വോട്ടെടുപ്പിൽ പങ്കാളികളാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പഞ്ചായത്തിലെ പോളിംഗ് ബൂത്തായ ഇടമലക്കുടി ഗവ. ട്രൈബൽ യു.പി. സ്കൂളിലെ ക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി. തുടർന്ന് ദേവികുളം നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മൂന്നാർ ഗവ. വി.എച്ച്.എസ്.എസ് ആൻഡ് ടി.ടി.ഐയും സന്ദർശിച്ചു.
ദേവികുളം സബ് കളക്ടർ ആര്യ വി.എം, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ്, മൂന്നാർ ഡിവൈഎസ്.പി എസ്. ചന്ദ്രകുമാർ, ദേവികുളം തഹസീൽദാർ ജി. അജേഷ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുരളി കെ.ജി എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.






