ഇടുക്കിക്കവല ബൈപാസ് റോഡ് 40 ദിവസത്തേക്ക് അടച്ചു
കട്ടപ്പന നഗരത്തിലെ ഇടുക്കിക്കവല ബൈപാസ് റോഡിൽ കലുങ്ക് നിർമ്മാണവും നവീകരണ പ്രവർത്തനങ്ങളും ആരംഭിച്ചതിനെ തുടർന്ന് 40 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
റോഡ് വികസനത്തിനായി ഒരു കോടി രൂപയാണ് പി.ഡബ്ല്യു.ഡി അനുവദിച്ചിരിക്കുന്നത്. കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിർമ്മിച്ച ബൈപാസ് റോഡ് ഇടുക്കി, കോട്ടയം റൂട്ടുകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ ഇടുക്കിക്കവല വഴി പള്ളിക്കവലയിലേക്ക് എത്താൻ സൗകര്യമൊരുക്കുന്ന പ്രധാന പാതയാണ്.
എന്നാൽ ഇടുക്കിക്കവല ഭാഗത്ത് നിന്ന് ബൈപാസിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിനോട് ചേർന്നുള്ള പഴയ കെട്ടിടം മൂലം രണ്ട് വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ സ്ഥലവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ പരിഗണനയിലാണ്.
നവീകരണ പദ്ധതിയുടെ ഭാഗമായി 750 മീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിൽ പി.എം.ജി.എസ്. നിലവാരത്തിൽ റോഡ് ടാർ ചെയ്യും. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി കലുങ്ക് നിർമ്മാണവും പുരോഗമിക്കുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ അടുത്ത 40 ദിവസത്തേക്ക് ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. മാർച്ച് 30 ന് മുമ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുനൽകാനാണ് അധികൃതരുടെ ശ്രമം.






