ജില്ലയിൽ വോട്ടുവണ്ടി പര്യടനം തുടങ്ങി
വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുന്ന വോട്ടുവണ്ടിക്ക് ഇടുക്കി കളക്ടറേറ്റ് അങ്കണത്തിൽ തുടക്കമായി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.
വോട്ടിംഗുമായി ബന്ധപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കുക, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം പരിചയപ്പെടുത്തുക, ജനാധിപത്യ പ്രക്രിയയിൽ വോട്ടിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നിവയാണ് സ്വീപ് (Systematic Voters’ Education and Electoral Participation) പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ വോട്ടുവണ്ടി പര്യടനത്തിന്റെ ലക്ഷ്യം. ഉടുമ്പൻചോല മണ്ഡലത്തിലേക്കുള്ള വണ്ടിയാണ് ആദ്യമായി ഫ്‌ളാഗ് ഓഫ് ചെയ്തത്.
ജില്ലയിലുടനീളം പര്യടനത്തിന് ആകെ അഞ്ച് വോട്ടുവണ്ടികളാണ് സജ്ജമാക്കിയിരിക്കുന്നത്. വിവിപാറ്റ് മെഷീൻ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തുടങ്ങിയവയും വണ്ടികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഫ്‌ളാഗ് ഓഫ് ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് മെഷീന്റെ കൺട്രോൾ യൂണിറ്റ് ഉടുമ്പൻചോല റിട്ടേണിങ് ഓഫീസർ സുഹ്‌റ എയ്ക്ക് കൈമാറി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ് ഉൾപ്പെടെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.






