ലഹരിക്കെതിരെ സന്ദേശവുമായി കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസൺ 2; ടീം ഫിക്സർ ലോഞ്ചിംഗ് നടത്തി.
കട്ടപ്പന : ലഹരിവിരുദ്ധ സന്ദേശം ഉയർത്തി സ്കാർ ഫേസ് സ്പോർട്സ് ക്ലബ്ബും, കട്ടപ്പന മർച്ചൻ്റ്സ് യൂത്ത് വിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (KCL) സീസൺ 2-ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മത്സരത്തിന്റെ ഭാഗമായുള്ള ടീം ലൈൻഅപ്പും ഫിക്സ്ചറും ഔദ്യോഗികമായി പുറത്തിറക്കി.
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ഇന്നലെ നടന്ന ചടങ്ങിൽ KCL ഫിക്സർ ലോഞ്ചിംഗ് നടത്തി. ചടങ്ങ് കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗം സെനോൻ തോമസ് ഉദ്ഘാടനം ചെയ്തു. കായികരംഗം സമൂഹമാറ്റത്തിനുള്ള ശക്തമായ ഉപാധിയാണെന്നും, യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റാൻ ഇത്തരം ടൂർണമെന്റുകൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വിവിധ ടീമുകളുടെ ക്യാപ്റ്റന്മാർ, മർച്ചൻ്റ്സ് യൂത്ത് വിംഗ് ഭാരവാഹികൾ, സ്കാർ ഫേസ് സ്പോർട്സ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ലീഗിന്റെ പ്രവർത്തനങ്ങൾക്കും ടീമുകളുടെ ഏകോപനത്തിനും സുമിത് മാത്യു, പോൾസൺ, കിഷോർ പി.പി. എന്നിവർ നേതൃത്വം നൽകുന്നു.
“ലഹരിക്കെതിരെ കായിക ലഹരി” എന്ന സന്ദേശം ഉയർത്തി നടത്തുന്ന രണ്ടാം സീസൺ ലീഗ് ഫെബ്രുവരി 22-ന് രാവിലെ മുതൽ നടക്കും.
പ്രദേശത്തെ വ്യാപാരികൾ, യുവജനങ്ങൾ, കായികാസക്തർ എന്നിവരുടെ വലിയ പങ്കാളിത്തത്തോടെ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.കായിക മത്സരങ്ങളോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും സാമൂഹിക സന്ദേശങ്ങളും ഉൾപ്പെടുത്തി മത്സരങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു






