ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ ആരംഭിച്ചു
ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താക്കോല്‍ദ്വാര (ലാപ്രോസ്കോപിക്) ശസ്ത്രക്രിയകള്‍ ആരംഭിച്ചു. ലോകോത്തര നിലവാരമുള്ള ഹൈ-എന്‍ഡ് ഹൈ ഡെഫിനിഷന്‍ ലാപ്രോസ്കോപിക് ക്യാമറ ഉപയോഗിച്ചാണ് സര്‍ജറികള്‍ നടത്തുന്നത്.
ലാപ്രോസ്കോപിക് ഉപകരണങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചിരുന്നു.
ആശുപത്രിയില്‍ ആദ്യമായി 17 വയസുകാരനായ വിദ്യാര്‍ഥിയുടെ അപ്പന്‍ഡിക്ടമി ശസ്ത്രക്രിയ വിജയകരമായി നടത്തി. ശസ്ത്രക്രിയക്ക് ശേഷം വിദ്യാര്‍ഥി വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഹെര്‍ണിയ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയാക്കി.
സര്‍ജറി വിഭാഗം മേധാവി ഡോ. സന്തോഷ്‌കുമാര്‍, സര്‍ജന്‍മാരായ ഡോ. രാജേന്ദ്രന്‍, ഡോ. മെറിഷ്, ഡോ. ലിജോ, ഡോ. സജിന്‍, ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.
അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. സുനില്‍, ഡോ. ടാനിയ, ഡോ. സുനില്‍കുമാര്‍, ഡോ. അഖില്‍, ഡോ. രാഹുല്‍ എന്നിവരും സീനിയര്‍ നഴ്‌സുമാരും ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു.






