ചെറുതോണിയിൽ പുതിയ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു

ചെറുതോണിയിൽ പുതിയ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു

പത്ത് വർഷത്തിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേതെന്നും ഇതിന്റെ വിജയകരമായ നടത്തിപ്പ് ജില്ലയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും ഗതാഗത മന്ത്രി K. B. ഗണേഷ് കുമാർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ചെറുതോണി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും 2 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഗ്യാരേജിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു. ജില്ലാ ആസ്ഥാനത്തുനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൂപ്പർ ഡീലക്സ്, സൂപ്പർ ഫാസ്റ്റ്, ഓർഡിനറി തുടങ്ങി വിവിധ ശ്രേണിയിലുള്ള 12 സർവീസുകളാണ് ആരംഭിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള പ്രത്യേക സർവീസും ആരംഭിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് നൽകിയ 40 സെന്റ് സ്ഥലത്താണ് നാല് ബേകളുള്ള ബസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. 15,128 സ്ക്വയർ ഫീറ്റിലുള്ള മറ്റൊരു കെട്ടിടവും പണിയും. ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി പൂർണ സജ്ജമാകുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.

കുമളി–കോയമ്പത്തൂർ (സൂപ്പർ ഡീലക്സ്), കുമളി–കണ്ണൂർ (സൂപ്പർ ഡീലക്സ്), കട്ടപ്പന–തിരുവനന്തപുരം (സൂപ്പർ ഡീലക്സ്), കട്ടപ്പന–പുൽപ്പള്ളി (സൂപ്പർഫാസ്റ്റ് പ്രീമിയം) എന്നീ സർവീസുകളും ഉദ്ഘാടനം ചെയ്തു.

ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണൻ, നൗഷാദ് ടി.ഇ., അമ്മിണി ജോസ്, പ്രഭ തങ്കച്ചൻ, സിജി ചാക്കോ, രാജു ജോസഫ്, കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കർ, കട്ടപ്പന അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ ഷാജി കുര്യാക്കോ തുടങ്ങിയവർ പങ്കെടുത്തു.