ഏലപ്പാറയിൽ അംഗൻവാടിയുടെ ഇടിഞ്ഞ കൽക്കെട്ട് പുനർനിർമ്മാണം വൈകുന്നു
ഏലപ്പാറ പഞ്ചായത്തിലെ കോഴിക്കാനം പതിനൊന്നാം വാർഡിലുള്ള അംഗൻവാടിയുടെ ഇടിഞ്ഞ കൽക്കെട്ടിന്റെ പുനർനിർമ്മാണം വൈകുന്നതായി പരാതി. കഴിഞ്ഞ കാലവർഷത്തിൽ തകർന്ന കൽക്കെട്ട് ഇപ്പോൾ ഏതു സമയവും നിലംപൊത്താവുന്ന അപകടകരമായ നിലയിലാണ്.
ഇത് സമീപത്തെ വീടുകൾക്കും ഭീഷണിയായിരിക്കുകയാണ്. വലിയ അപകട ഭീഷണിക്കിടയിലാണ് നിലവിൽ അംഗൻവാടി പ്രവർത്തിക്കുന്നത്. അധികൃതർ ഇതുവരെ നടപടിയെടുക്കാത്തതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
ഇടിഞ്ഞ കൽക്കെട്ട് അടിയന്തരമായി പൊളിച്ചുമാറ്റി സുരക്ഷിതമായി പുതിയ കൽക്കെട്ട് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.





