വിദ്യാർത്ഥിനിക്കൊപ്പം കളരി ചുവടുവച്ച് രാഹുൽ ഗാന്ധി; വേദിയിൽ വേറിട്ട കാഴ്‌ച

വിദ്യാർത്ഥിനിക്കൊപ്പം കളരി ചുവടുവച്ച് രാഹുൽ ഗാന്ധി; വേദിയിൽ വേറിട്ട കാഴ്‌ച

കുട്ടിക്കാനം: വിദ്യാർത്ഥിനിയുടെ ക്ഷണം സ്വീകരിച്ച് കളരിപ്പയറ്റ് ചുവടുകൾ വച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൂടെ എം.പിമാരായ കെ.സി. വേണുഗോപാൽ ഡീൻ കുര്യാക്കോസ് എന്നിവരും പങ്കുചേർന്നത് ശ്രദ്ധേയമായി. കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർത്ഥികളുമായി നടന്ന സംവാദ പരിപാടിയിലായിരുന്നു ഈ വേറിട്ട നിമിഷം.

Slide 1
Slide 2
Slide 3
Slide 4

കോളേജിലെ ഒന്നാംവർഷ ബി.എസ്.ഡബ്ല്യു വിദ്യാർത്ഥിയും കളരിപ്പയറ്റ് അഭ്യാസിയുമായ എം. ദിനശ്രീയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുൽ വേദിയിൽ കളരി ചുവടുവച്ചത്. തെക്കൻ, വടക്കൻ കളരി ശൈലികളെക്കുറിച്ച് ദിനശ്രീ വിശദീകരിച്ച ശേഷം വടക്കൻ ശൈലിയിൽ കുറച്ച് ചുവടുകൾ കാണിക്കട്ടെയെന്നും ഒപ്പം പങ്കെടുക്കാമോയെന്നും രാഹുലിനോട് ചോദിച്ചു. ആദ്യം ചെയ്യുന്നതൊന്ന് കാണട്ടെയെന്ന് രാഹുൽ പറഞ്ഞു.

തുടർന്ന് ഗുരുവന്ദനം നടത്തിയ ശേഷം ദിനശ്രീ വീണ്ടും രാഹുലിനെ ക്ഷണിച്ചു. സ്റ്റേജിൽ നിന്നിറങ്ങിയ രാഹുൽ കെ.സി. വേണുഗോപാലിനെയും ഡീൻ കുര്യാക്കോസിനെയും കൂടെ വരാൻ ആവശ്യപ്പെട്ടു. ദിനശ്രീ കാട്ടിയ ചുവടുകൾ മൂവരും അനുകരിച്ചു.

രാഹുൽ നിഷ്പ്രയാസം ചുവടുവച്ചപ്പോൾ വേണുഗോപാലും ഡീനും അല്പം ബുദ്ധിമുട്ടിയെന്നു കാണാമായിരുന്നു. തലയ്ക്ക് മുകളിൽ ഉയർത്തിയ കൈയിൽ കാൽ മുട്ടിക്കുന്ന അടവ് ദിനശ്രീ കാട്ടിയപ്പോൾ വേണുഗോപാലും ഡീനും പിൻവാങ്ങി. എന്നാൽ ആ ചുവടും രാഹുൽ മനോഹരമായി ചെയ്തതോടെ വേദിയിൽ നിറഞ്ഞ കൈയടി മുഴങ്ങി.