ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെ അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സൂചിക ഉയരുന്നതായി റിപ്പോർട്ട്

ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെ അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സൂചിക ഉയരുന്നതായി റിപ്പോർട്ട്

ഇടുക്കി: ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെ അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സൂചിക ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മി രേഖപ്പെടുത്തിയിരിക്കുന്നത് മൂന്നാറിലാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ സൂചികയിൽ മൂന്നാറിൽ എട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Slide 1
Slide 2
Slide 3
Slide 4

കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, തൃത്താല, മാനന്തവാടി എന്നിവിടങ്ങളിൽ യുവി സൂചിക ആറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിലായാൽ റെഡ് അലർട്ടും എട്ട് മുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴ് വരെ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിക്കുക.

തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ പതിക്കുന്നത് സൂര്യതാപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. ജലാശയങ്ങൾ, മണൽ പ്രദേശങ്ങൾ എന്നിവ അൾട്രാവയലറ്റ് രശ്മികളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനാൽ ഇവിടങ്ങളിലും സൂചിക ഉയരാൻ സാധ്യതയുണ്ട്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിലും ഉയർന്ന യുവി സൂചിക അനുഭവപ്പെടാമെന്നും അധികൃതർ അറിയിച്ചു.

ജാഗ്രത നിർദ്ദേശങ്ങൾ

• പകൽ 10 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പുറം ജോലികൾ ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, രോഗികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം.

• പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.

• ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

• യാത്രകളിലും പുറം പ്രവർത്തനങ്ങളിലും ഇടവേളകളിൽ തണലിൽ വിശ്രമിക്കുക.