ബിവി–380 കോഴിവളർത്തൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ബിവി–380 കോഴിവളർത്തൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക ഗ്രാമവികസന ദേശീയ ബാങ്കിന്റെ (നബാർഡ്) സഹായത്തോടെ നടപ്പാക്കിയ ബിവി–380 കോഴിവളർത്തൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സർട്ടിഫിക്കറ്റുകൾ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ വിതരണം ചെയ്തു.

കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന എൽ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായാണ് ബിവി–380 കോഴിവളർത്തൽ പരിശീലനം സംഘടിപ്പിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ 90 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. ഇതിൽ ആദ്യ രണ്ട് ബാച്ചുകളിലായി പരിശീലനം പൂർത്തിയാക്കിയ 60 വനിതകൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.

യോഗത്തിൽ എച്ച്‌.ഡി.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോസഫ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ രാജേഷ് വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് ക്ലാസ് നയിച്ചു. ചെറുതോണി യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർ വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

എബിൻ തോമസ്, ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ രൂപതാ പ്രസിഡന്റ് കുഞ്ഞമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.