കട്ടപ്പനയിൽ പോലീസ് – കേന്ദ്രസേന സംയുക്ത റൂട്ട് മാർച്ച്
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കട്ടപ്പന നഗരത്തിൽ പോലീസ്–കേന്ദ്രസേന സംയുക്തമായി റൂട്ട് മാർച്ച് നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയ മാർച്ച് തിരഞ്ഞെടുപ്പ് സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്.
കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജൻ വി.റ്റി., ഇൻസ്പെക്ടർ ഷാജു എ.എൽ., സബ് ഇൻസ്പെക്ടർ ബേബി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സായുധരായ കേന്ദ്രസേനാംഗങ്ങളും റൂട്ട് മാർച്ചിൽ അണിനിരന്നു.
തിരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാനം ഉറപ്പാക്കുക, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുക, വോട്ടർമാരിൽ ആത്മവിശ്വാസം വളർത്തുക എന്നിവയാണ് റൂട്ട് മാർച്ചിന്റെ പ്രധാന ലക്ഷ്യമെന്ന് പോലീസ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സമാനമായ സുരക്ഷാ നടപടികൾ തുടരുമെന്നും അറിയിച്ചു.





