നിയമസഭാ തിരഞ്ഞെടുപ്പ് : തൊടുപുഴയില്‍ ആദ്യവോട്ട് മുതിര്‍ന്ന പൗരന്മാര്‍ക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് : തൊടുപുഴയില്‍ ആദ്യവോട്ട് മുതിര്‍ന്ന പൗരന്മാര്‍ക്ക്

വോട്ടിംഗ് ശതമാനം ഉയർത്താനും മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കാനും തൊടുപുഴ നിയോജക മണ്ഡലത്തില്‍ വേറിട്ടൊരു തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമാകുന്നു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പ് ദിനത്തിൽ മണ്ഡലത്തിലെ 229 പോളിംഗ് സ്റ്റേഷനുകളിലും ആദ്യ വോട്ട് രേഖപ്പെടുത്തുന്നത് മുതിർന്ന പൗരന്മാരായിരിക്കും.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ ഭരണകൂടത്തിന്റെ സ്വീപ്പ് (Systematic Voters’ Education and Electoral Participation) പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ നീക്കം, അനുഭവസമ്പത്തിനോടുള്ള ആദരവും പൗരബോധവും ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യമിടുന്നത്. രാവിലെ 7ന് വോട്ടെടുപ്പ് ആരംഭിക്കുമ്പോള്‍ ഓരോ ബൂത്തിലുമുള്ള നിശ്ചിത മുതിർന്ന പൗരൻ/പൗരയാണ് ആദ്യ വോട്ടറായി മാറുക.

‘നമ്മുടെ മുതിർന്നവർക്ക് ആദ്യം എത്തി വോട്ട് ചെയ്യാൻ കഴിയുന്നുവെങ്കിൽ, മറ്റുള്ളവർക്കും അത് സാധിക്കും’ എന്ന ശക്തമായ സന്ദേശം സമൂഹത്തിലേക്ക് കൈമാറുകയാണ് ഈ പദ്ധതിയിലൂടെ.

ലക്ഷ്യങ്ങൾ:

രാവിലെ തന്നെ പോളിംഗ് ശതമാനം വർധിപ്പിക്കുക

മുതിർന്ന പൗരന്മാരോടുള്ള ആദരവ് ഉയർത്തുക

ജനാധിപത്യത്തിലെ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക

വോട്ട് ചെയ്യുന്നത് പൗരധർമ്മമാണെന്ന ബോധം പുതുതലമുറയിൽ വളർത്തുക

യുവവോട്ടർമാരെ പ്രചോദിപ്പിക്കുക

സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ഇത്തരത്തിൽ ഏകോപിതമായി പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന പൗരന്മാർക്ക് തടസ്സങ്ങളില്ലാതെ വോട്ട് ചെയ്യുന്നതിനായി ആവശ്യമായ ഗതാഗത സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

“മുതിർന്നവരുടെ അനുഭവക്കരുത്ത് തൊടുപുഴയ്ക്ക് വഴികാട്ടിയാവട്ടെ” എന്ന ആപ്തവാക്യത്തിലാണ് ബോധവത്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ മാതൃക മറ്റ് മണ്ഡലങ്ങളിലും നടപ്പാക്കാനാകുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെച്ചു.