വേനൽ മഴ : വന്‍മരം വീണ് വീട് തകര്‍ന്നു
കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉപ്പുതറയില്‍ വന്‍മരം ഒടിഞ്ഞ് വീണ് ഒരു വീട് തകര്‍ന്നു. കാറ്റിനൊപ്പമുണ്ടായ അതിശക്തമായ മഴയാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്.
ഉപ്പുതറ 10 ഏക്കര്‍ കണ്ണംപള്ളിയില്‍ മേരിക്കുട്ടിയുടെ വീടാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് നാലോടെ അയല്‍വാസിയുടെ പുരയിടത്തിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞ് മേരിക്കുട്ടിയുടെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
അപകടസമയത്ത് മേരിക്കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഉടന്‍ സ്ഥലത്തെത്തി സഹായിച്ചതോടെ മേരിക്കുട്ടി സുരക്ഷിതമായി പുറത്തേക്ക് മാറി.
മരം വീണതോടെ വീട് വാസയോഗ്യമല്ലാതായി. ഷീറ്റുകള്‍ പൊട്ടുകയും പൈപ്പുകള്‍ വളയുകയും ചെയ്തിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.
വിവരം അറിഞ്ഞ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജന്‍ സ്ഥലത്തെത്തി സഹായം വാഗ്ദാനം ചെയ്തു. പോലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് മരം മുറിച്ച് നീക്കി.





