പോളിംഗ് ദിനം: ജില്ലയിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ച് കൺട്രോൾ റൂമുകൾ
പോളിംഗ് ദിനത്തിൽ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ട്രേറ്റിൽ സജ്ജമാക്കിയ കൺട്രോൾ റൂമുകൾ സജീവമായി പ്രവർത്തിച്ചു. സുഗമവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി പി.ആർ.ഒ (Presiding Officer) ആപ്പും വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമുകളും പ്രധാന പങ്കുവഹിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
ജില്ലയിലെ 1076 പോളിംഗ് ബൂത്തുകളിൽ നിന്നുള്ള വിവരങ്ങൾ പി.ആർ.ഒ ആപ്പ് വഴി പ്രിസൈഡിംഗ് ഓഫീസർമാർക്ക് അപ്ലോഡ് ചെയ്യാനായി. മണ്ഡലം അടിസ്ഥാനത്തിലുള്ള വോട്ടിംഗ് ശതമാനവും ഇതിലൂടെ ലഭ്യമാക്കി. ഓരോ രണ്ട് മണിക്കൂറിലും അഞ്ച് മണ്ഡലങ്ങളിലെയും പോളിംഗ് വിവരങ്ങൾ പുതുക്കി കൺട്രോൾ റൂമിൽ നിരീക്ഷിച്ചു.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം ഒരുക്കിയിരുന്നു. ഓരോ ബൂത്തിലുമുള്ള അകത്തും പുറത്തുമായി രണ്ട് ക്യാമറകൾ വീതം സ്ഥാപിച്ച് 1076 ബൂത്തുകളിൽ നിന്ന് ആകെ 2152 ക്യാമറകളിലൂടെ ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കി. നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ള 38 ബൂത്തുകളിൽ റെക്കോർഡിംഗ് സൗകര്യമുള്ള ക്യാമറകളും സജ്ജീകരിച്ചു. ഇവയിൽ രണ്ട് ദിവസത്തെ മുഴുവൻ തിരഞ്ഞെടുപ്പ് നടപടികളും റെക്കോർഡ് ചെയ്ത് സൂക്ഷിക്കാൻ കഴിയും.
ജില്ലാ കളക്ടറേറ്റിനൊപ്പം, ഓരോ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാരുടെ കാര്യാലയങ്ങളിലും വെബ്കാസ്റ്റിംഗ് നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിച്ചു.





