ജില്ലയിൽ വോട്ട് രേഖപ്പെടുത്തി 'രാജാവും,മന്ത്രിയും,സിനിമ താരങ്ങളും '
കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. സിനിമാതാരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, മതപണ്ഡിതർ മുതൽ ഗോത്രരാജാവുവരെ വോട്ടെടുപ്പിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
നടന്മാരായ ആസിഫ് അലി, സഹോദരൻ അഷ്കർ അലി എന്നിവർ കുമ്പംകല്ല് ബി.ടി.എം എൽ.പി സ്കൂളിൽ വോട്ട് ചെയ്തു. നടൻ നിഷാന്ത് സാഗർ മകളും നടിയുമായ നന്ദയുമൊപ്പം തൊടുപുഴ ഗവ. ബോയ്സ് എച്ച്.എസിൽ വോട്ട് രേഖപ്പെടുത്തി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കരിമ്പൻ മണിപ്പാറ സെന്റ് മേരീസ് എൽ.പി സ്കൂളിൽ വോട്ട് ചെയ്തു. കുമളി മന്നാക്കുടി ഗവ. ട്രൈബൽ സ്കൂളിൽ കോവിൽമല രാജാവ് രാമൻ രാജ മന്നാൻ വോട്ട് രേഖപ്പെടുത്തി.
മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായ എം.എം. മണി ഇരുപതേക്കർ സർവ് ഇന്ത്യ എൽ.പി സ്കൂളിലെ 189-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. ഇടുക്കി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ വാഴത്തോപ്പ് ഗവ. വി.എച്ച്.എസ്.എസ് സ്കൂളിലെ 81-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ റാണിയും മക്കളായ ആൻമരിയയും എയ്ഞ്ചൽ മരിയയും ഒപ്പമുണ്ടായിരുന്നു; മക്കൾ കന്നിവോട്ടിന്റെ ആവേശത്തിലായിരുന്നു.
ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോയി കെ. പൗലോസ് ഭാര്യയോടൊപ്പം തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ വോട്ട് ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി പ്രതീഷ് പ്രഭ കമ്പിളിക്കണ്ടം കമ്മ്യൂണിറ്റി ഹാളിലും വോട്ട് രേഖപ്പെടുത്തി.
ഉടുമ്പഞ്ചോല മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രൻ കുഞ്ചിത്തണ്ണി ഗവ. ഹൈസ്കൂളിലും യു.ഡി.എഫ് സ്ഥാനാർത്ഥി സേനാപതി വേണു നെടുങ്കണ്ടം ഗവ. വി.എച്ച്.എസ്.എസ് സ്കൂളിലും എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥ് തൃശൂർ ഗുരുവിജയം എൽ.പി സ്കൂളിലും വോട്ട് ചെയ്തു.
പീരുമേട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസ് ഏലപ്പാറ പഞ്ചായത്തിലെ കോഴിക്കാനം ബൂത്തിലെയും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. സലിംകുമാർ തൊടുപുഴ ഒളമറ്റം ബൂത്തിലെയും എൻ.ഡി.എ സ്ഥാനാർത്ഥി രതീഷ് വരകുമല കട്ടപ്പന പേഴുംകവല ബൂത്തിലെയും വോട്ട് രേഖപ്പെടുത്തി.
ദേവികുളം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജ കുണ്ടള എൽ.പി സ്കൂളിലെ 45-ാം നമ്പർ ബൂത്തിലെയും യു.ഡി.എഫ് സ്ഥാനാർത്ഥി എഫ്. രാജ പള്ളിവാസൽ എൽ.പി സ്കൂളിലെ 124-ാം നമ്പർ ബൂത്തിലെയും വോട്ട് ചെയ്തു.
തൊടുപുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അപു ജോൺ ജോസഫ് പിതാവും മുതിർന്ന നേതാവുമായ പി.ജെ. ജോസഫിനുമൊപ്പം പുറപ്പുഴ ഗവ. എൽ.പി സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻ.ഡി.എ സ്ഥാനാർത്ഥി റോയി വാരിക്കാട്ട് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് ചാഴിക്കാടൻ അരീക്കര സെന്റ് റോക്കീസ് സ്കൂളിലും വോട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് ദിനത്തിൽ ഇടുക്കിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം ജനാധിപത്യ പങ്കാളിത്തത്തിന്റെ ശക്തമായ പ്രതിഫലനമായി.





