ക്രൈസ്തവർ ധീരതയോടെ ക്രിസ്തുവിന് സാക്ഷ്യംവഹിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
ഇടുക്കി: ക്രൈസ്തവർ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുന്ന സമൂഹമാണെന്നും ഏത് സാഹചര്യങ്ങളിലും ധീരതയോടെ വിശ്വാസം പ്രഘോഷിക്കണമെന്നും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. രാജകുമാരി ദൈവമാതാ തീർഥാടന പള്ളിയിൽ നടന്ന ബൈബിള്‍ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിൽ ചെറിയ ശതമാനമായി നിലനിൽക്കുന്ന ക്രൈസ്തവ സമൂഹം പ്രതികൂല സാഹചര്യങ്ങളിലും ഭയപ്പെടാതെ ക്രിസ്തുവിനും സുവിശേഷത്തിനും സാക്ഷ്യം നൽകേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. സഭയ്ക്കെതിരായ വിമർശനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും നിരാശയ്ക്ക് കാരണമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന മാർപാപ്പയെ വിമർശനവിധേയമാക്കുന്ന സാഹചര്യങ്ങളിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസത്തിൽ ആഴപ്പെട്ട് മുന്നേറുന്നതാണ് യഥാർത്ഥ ക്രൈസ്തവ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി.
അണക്കര മരിയൻ തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ കൺവെൻഷൻ നയിക്കുന്നു. ഇടുക്കി രൂപത വികാരി ജനറാള്മാരായ മോൺ. ജോസ് നരിതൂക്കിൽ, മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവരോടൊപ്പം ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, ഫാ. അലക്സ് ചേന്നംകുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.





