മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു
ഇടുക്കി: അയ്യപ്പൻകോവിൽ മേരികുളത്തിന് സമീപം ആറേക്കർ ആലടിക്കുന്നിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. നെടുങ്കണ്ടം മാവടി പുത്തൻപുരക്കൽ ദേവസ്യ (ദാസ് - 82) ആണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തിയിലുണ്ടായിരുന്ന വൈദ്യുതി മീറ്ററിലേക്ക് മിന്നൽ പ്രവഹിക്കുകയായിരുന്നു. ഈ സമയം കുളിമുറിയിലേക്ക് കയറാൻ തുടങ്ങുകയായിരുന്ന ദേവസ്യയ്ക്ക് മീറ്ററിൽ നിന്നും ആഘാതമേൽക്കുകയായിരുന്നു.
മിന്നലേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


