പെരിയകനാലിന് സമീപം കാർ അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ പെരിയകനാൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള നടുപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇരുനൂറടിയിലധികം താഴ്ചയിലേക്ക് പതിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റോഷൻ (26), തൂത്തുക്കുടി സ്വദേശിനിയായ മഹാ ഐശ്വര്യ (24) എന്നിവരാണ് പരിക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പൂപ്പാറ ഭാഗത്ത് നിന്ന് മൂന്നാറിലേക്കെത്തിയ കാർ നടുപ്പാറയിലെ വളവ് തിരിയാതെ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. പല തവണ തലകീഴായി മറിഞ്ഞ കാർ പൂർണമായും തകർന്നു.
നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഏറെ ശ്രമിച്ചാണ് തകർന്ന കാറിൽ നിന്ന് ഇരുവരെയും പുറത്തെടുത്തത്. മുഹമ്മദ് റോഷനാണ് കാർ ഓടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശാന്തൻപാറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


