മലിനജല പ്രശ്നത്തിന് പരിഹാരം: എസ്.ടി.പി പ്ലാന്റ് നിർമിക്കാൻ കട്ടപ്പന നഗരസഭ തീരുമാനം
നഗരത്തിലെ മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സെവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്.ടി.പി) നിർമിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 15 അജണ്ടകളാണ് യോഗത്തിൽ പരിഗണിച്ചത്.
നഗരത്തിലെ ഓടകളിലൂടെ മാലിന്യം ഒഴുകി കട്ടപ്പന ആറിലേയ്ക്ക് എത്തുന്ന സ്ഥിതി ഗുരുതരമാണെന്ന് യോഗം വിലയിരുത്തി. ചില വ്യാപാര സ്ഥാപനങ്ങൾ മാലിന്യം നേരിട്ട് ഓടകളിലേക്ക് ഒഴുക്കുന്ന സാഹചര്യത്തിൽ, ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനമായി.
വാഴവര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലം അതിരുകൾ നിർണയിച്ച് വേലി കെട്ടി സംരക്ഷിക്കാനും, പുതിയ ബസ് സ്റ്റാൻഡിലെ ശൗചാലയം രാത്രിയിലും തുറന്ന് പ്രവർത്തിപ്പിക്കാൻ സുരക്ഷാ ജീവനക്കാരനെ നിയമിക്കാനും യോഗം തീരുമാനിച്ചു.
ഇതിനൊപ്പം, നഗരസഭ ഗ്രൗണ്ട് എക്സിബിഷൻ നടത്താൻ വിട്ടുനൽകുന്നതിനും നഗരപരിധിയിൽ ഓട്ടോ പെർമിറ്റ് അനുവദിക്കുന്നതിനും കൗൺസിൽ അംഗീകാരം നൽകി.


