വേനൽ കടുത്തു: ജലാശയങ്ങളിൽ ജലനിരപ്പ് താഴുന്നു,കാർഷിക മേഖലയും പ്രതിസന്ധിയിൽ

വേനൽ കടുത്തു: ജലാശയങ്ങളിൽ ജലനിരപ്പ് താഴുന്നു,കാർഷിക മേഖലയും പ്രതിസന്ധിയിൽ

ഇടുക്കി: കടുത്ത വേനൽ തുടരുന്നതിനിടെ ജില്ലയിലെ പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നിരിക്കുകയാണ്. ഇടുക്കി, തേക്കടി ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നത് ബോട്ടിംഗ് സർവീസുകളെയും ബാധിച്ചിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാൽ തേക്കടിയിൽ ബോട്ടുകളിൽ പകുതിയോളം യാത്രക്കാരെ മാത്രമാണ് നിലവിൽ പ്രവേശിപ്പിക്കുന്നത്. ചില ഇടങ്ങളിൽ ജലനിരപ്പ് ഇനിയും താഴ്ന്നാൽ ബോട്ടുകളുടെ അടിഭാഗം നിലത്ത് തട്ടുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

ഇടുക്കി ഡാമിലെ ജലനിരപ്പും ക്രമാതീതമായി കുറയുന്നത് വൈദ്യുതി ഉത്പാദനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നു.

കല്ലാർ അടക്കമുള്ള മറ്റ് ഡാമുകളിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്.കല്ലാർ ഡാം ഏതാണ്ടുപൂർണമായും വറ്റി വരണ്ട അവസ്ഥയിലാണ്.

വേനലിന്റെ കഠിനത കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കി. ഏലം ഉൾപ്പെടെയുള്ള വിളകളിൽ ചെടികൾ വാടിത്തുടങ്ങിയതായി കർഷകർ പറയുന്നു.

അതോടൊപ്പം, പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി അനുഭവപ്പെടുന്നു. പ്രതീക്ഷിച്ച വേനൽമഴ ലഭിക്കാത്തതും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നുണ്ട്.